വാഷിങ്ടൺ: യുഎസിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കൊടുംപിരി കൊണ്ടിരിക്കെ പാട്ടുംപാടി ജയിക്കാനുള്ള തന്ത്രവുമായി ഡെമോക്രാറ്റ് സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസ്. ‘നാച്ചോ നാച്ചോ’ എന്നു തുടങ്ങുന്ന ഗാനമാണ് കമലയുടെ പ്രചാരണത്തിനായുള്ള നാഷനൽ ഫിനാൻസ് കമ്മിറ്റി അംഗം അജയ് ഭൂട്ടോറിയ പുറത്തിറക്കിയത്. ഇന്ത്യൻ വംശജയായ കമല, തെക്കേ ഏഷ്യൻ വോട്ടർമാരെ ലക്ഷ്യമിട്ടാണു പാട്ടിറക്കിയത്. ബോളിവുഡ് മോഡലിലുള്ള മ്യൂസിക് ആണ് കമല തന്റെ പ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
1.5 മിനിറ്റ് ദൈർഘ്യമുള്ള മ്യൂസിക് വീഡിയോയിൽ കമലയുടെ പ്രചാരണത്തിലെ കാഴ്ചകളും ‘ഹമാരി യേ കമല ഹാരിസ്’ എന്ന ഹിന്ദി വരികളും ഉൾപ്പെടുത്തിയിട്ടുണ്ട്. രാജമൗലിയുടെ ആർആർആർ എന്ന സിനിമയിലെ എംഎം കീരവാണിയുടെ ‘നാട്ടു നാട്ടു’ താളത്തിലാണ് നാച്ചോ നാച്ചോ ഒരുക്കിയിട്ടുള്ളത്.
മിഷിഗൺ, പെൻസിൽവാനിയ, വിസ്കോൺസിൻ, ജോർജിയ, നെവാഡ, അരിസോണ തുടങ്ങിയ പ്രധാന യുദ്ധഭൂമികളിലെ 5 ദശലക്ഷത്തോളം ദക്ഷിണേഷ്യൻ വോട്ടർമാരെ ഉത്തേജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. റിതേഷ് പരീഖ് നിർമിച്ച് ഷിബാനി കശ്യപ് അവതരിപ്പിച്ച ഗാനത്തിൽ തെലുങ്ക്, തമിഴ്, ഗുജറാത്തി, പഞ്ചാബി, ഹിന്ദി ഭാഷകളിലെ സമുദായ നേതാക്കളുടെ സന്ദേശങ്ങൾ ഉൾപ്പെടുന്നു.
Excited to share the release of our new music video, 'Nacho Nacho,' supporting @VP Kamala Harris for President! Let’s mobilize and turn out the South Asian vote in key battleground states @DNC @CNN @ABC @maddow @aajtak @ndtvindia @IndiaToday @republic pic.twitter.com/x92vns4gH8
— Ajay Jain Bhutoria (@ajainb) September 8, 2024