മലപ്പുറം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കെടി ജലീൽ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനെതിരെ പിഎംഎ സലാമും പിവി അൻവറും രംഗത്ത്. ജലീലിൻറെ പ്രസ്താവന നികൃഷ്ടവും അപകടകരവുമാണ്. ഒരു സമുദായത്തെ മുഴുവൻ കുറ്റവാളികളായി ചിത്രീകരിക്കുകയാണ് ചെയ്യുന്നതെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ബിജെപി നേതാക്കൾ പോലും പറയാത്ത കാര്യമാണ് ജലീൽ ഇപ്പോൾ പറഞ്ഞിരിക്കുന്നതെന്നും സലാം. ഈ പ്രസ്താവനയിലൂടെ ഒരു സമുദായം മാത്രം സ്വർണം കടത്തുന്നുവെന്ന പ്രതീതി പൊതുസമൂഹത്തിലുണ്ടാക്കുന്നു. ഈ പ്രസ്താവന സ്വന്തം നിലനിൽപ്പിന് വേണ്ടി മാത്രമുള്ളതാണ്. എന്തെങ്കിലും നേട്ടത്തിന് വേണ്ടി ഒരു സമുദായത്തെ ഇരയാക്കരുത്. ഇതാണോ സിപിഎം നിലപാടെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കണമെന്നും സലാം ആവശ്യപ്പെട്ടു.
പിഎംഎ സലാമിനു പിന്നാലെ രൂക്ഷവിമർശനവുമായി പിവി അൻവർ എംഎൽഎയും രംഗത്തെത്തി. സ്വർണം കടത്തുന്നത് ഒരു സമുദായമാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹത്തിൻറെ പൊതുജീവിതത്തിലെ ഏറ്റവും മോശപ്പെട്ട കാര്യമാണെന്ന് അൻവർ പറഞ്ഞു.
ജലീലിൻറെ പ്രസ്താവന താൻ കേട്ടിട്ടില്ല. സ്വർണക്കടത്തിൽ ഒരു മതവിഭാഗത്തെ പ്രതിക്കൂട്ടിലാക്കുന്ന വിധത്തിൽ ജലീൽ തരംതാഴുമെന്ന് വിശ്വസിക്കുന്നില്ലെന്നും അൻവർ കൂട്ടിച്ചേർത്തു. സ്വർണക്കടത്ത് ദേശവിരുദ്ധ പ്രവർത്തനമാണെന്നും അതിൽ വിശ്വാസികൾ ഇടപെടരുതെന്നും ആവശ്യപ്പെട്ട് സാദിഖലി ശിഹാബ് തങ്ങൾ മതവിധി പ്രഖ്യാപിക്കണമെന്നുമാണ് കെ.ടി. ജലീൽ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. ഇതേ കാര്യം ആവർത്തിച്ചുകൊണ്ട് കെടി ജലീൽ ഫേസ്ബുക്ക് പോസ്റ്റുമിട്ടിരുന്നു.