ചെന്നൈ: പുന:രുപയോഗ സാധ്യമായ ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് റോക്കറ്റ് റൂമി 1 വിക്ഷേപിച്ചു. ശനിയാഴ്ച രാവിലെ ഏഴിന് ഈസ്റ്റ് കോസ്റ്റ് റോഡിലെ തിരുവിതന്തൈ തീരദേശ മൈതാനത്തുവെച്ചായിരുന്നു വിക്ഷേപണം. മാർട്ടിൻ ഗ്രൂപ്പുമായി സഹകരിച്ച്, തമിഴ്നാട് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ സ്പേസ് സോൺ ഇന്ത്യ വികസിപ്പിച്ച റൂമി 1, മൊബൈൽ ലോഞ്ചർ ഉപയോഗിച്ചാണ് വിക്ഷേപിച്ചത്, 50 PICO ഉപഗ്രഹങ്ങളും മൂന്ന് ക്യൂബ് ഉപഗ്രഹങ്ങളുമായാണ് ഇവ ഉപഭ്രമണപഥത്തിലെത്തിച്ചത്.
2023 ഫെബ്രുവരിയിൽ നടത്തിയ ആദ്യ വിക്ഷേപണത്തിൽ പാരച്യൂട്ട് വിന്യാസ പ്രശ്നമുണ്ടായതിനെത്തുടർന്ന് റോക്കറ്റ് കടലിൽ വീഴുകയായിരുന്നു. സമാനമായ അവസ്ഥ ഉണ്ടാകാതിരിക്കാൻ, ഈ ലോഞ്ചിനായി ടീം ഒന്നിലധികം ടൈമറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനറിക് ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹൈബ്രിഡ് മോട്ടോറും ഇലക്ട്രോണിക് ആക്ടിവേറ്റഡ് പാരച്യൂട്ട് ഡിപ്ലോയറും ഇതിൻ്റെ പ്രത്യേകതയാണ്.
ആഗോളതാപനത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ഗവേഷണ ആവശ്യങ്ങൾക്കായി വിവരങ്ങൾ ശേഖരിക്കാൻ സാധിക്കുന്ന ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.
ചെന്നൈയിലെ ഒരു എയ്റോ-ടെക്നോളജി കമ്പനിയാണ് സ്പേസ് സോൺ ഇന്ത്യ. സ്പേസ് സോണിൻ്റെ സ്ഥാപകനായ ആനന്ദ് മേഗലിംഗമാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്. ISRO സാറ്റലൈറ്റ് സെൻ്ററിൻ്റെ (ISAC) മുൻ ഡയറക്ടർ ഡോ. മയിൽസ്വാമി അണ്ണാദുരൈ മാർഗനിർദേശങ്ങൾ നൽകി.