ഇടുക്കി: ദുബായിൽ വച്ച് നിവിൻ പോളി മയക്കുമരുന്ന് നൽകി തന്നെ മൂന്നു ദിവസത്തോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി. തന്നെ അറിയില്ലെന്ന നിവിൻ പോളിയുടെ വാദം കള്ളമാണ്. ഇതുവരെ താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നു. തനിക്കുനേരെ പീഡനമുണ്ടായപ്പോൾ തന്നെ പരാതി നൽകിയതാണെന്നും യുവതി വ്യക്തമാക്കി. ജൂണിൽ ഇതു സംബന്ധിച്ച് ലോക്കൽ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയായില്ല. പിന്നീട് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ വീണ്ടും പരാതി നൽകുകയായിരുന്നു.
ശ്രേയ എന്ന ആളാണ് ഇവർക്ക് തന്നെ പരിജയപ്പെടുത്തിയത്. ആദ്യം പരിജയപ്പെടുത്തി കൊടുത്തത് നിർമാതാവ് എകെ സുനിൽ ആണ്. ഇയാൾ തന്നോട് അപമര്യാദയായി പെരുമാറുകയായിരുന്നു. പിന്നീടാണ് നിവിൻ പോളിയും മറ്റു മൂന്നുപേരും തന്നെ പീഡിപ്പിച്ചത്. തന്നെ മൂന്ന് ദിവസത്തോളം റൂമിൽ പൂട്ടിയിട്ടാണ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചത്. ആ ദിവസങ്ങളിലെല്ലാം മയക്കുമരുന്ന് കലർത്തിയ വെള്ളമാണ് കുടിക്കാൻ നൽകിയിരുന്നതെന്നും പരാതിക്കാരി പറഞ്ഞു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നിവിന്‍ പോളിക്കെതിരെ എറണാകുളം ഊന്നുകല്‍ പോലീസാണ് കേസെടുത്തത്.
ഇപ്പോൾ തന്നെയും ഭർത്താവിനേയും മോശക്കാരാക്കാനുള്ള ശ്രമമാണ്. കൂടാതെ ആരാധകരെ വിട്ട് തന്റെ വീട് ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. ദുബായിൽ നേഴ്സായിരുന്ന തന്നെ സിനിമയിൽ അഭിനയിപ്പാക്കാമെന്ന് പറഞ്ഞാണ് ഇവരുടെയടുത്തെത്തിച്ചതെന്ന് യുവതി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് നടൻ നിവിന്‍ പോളി വ്യക്തമാക്കി. ആരോപണം ഉന്നയിച്ച യുവതിയെ കണ്ടിട്ടു പോലുമില്ലെന്നും നിവിന്‍ പോളി. തനിക്കെതിരെ ഇപ്പോൾ ഉയര്‍ന്ന ആരോപണം അസത്യമാണ്. സത്യം തെളിയിക്കാൻ ഏത് അറ്റം വരെയും പോകുമെന്നും നിവിൻ പോളി പറഞ്ഞു. ഇതിനിടെ നിവിൻപോളിക്ക് പിന്തുണയുമായി നടൻ ബാലയും രംഗത്തെത്തി