തൃശൂർ: രാമനിലയത്തിൽ വച്ച് തന്നെ കാണാൻ വന്ന മാധ്യമപ്രവർത്തകരെ തള്ളിമാറ്റിയ സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണത്തിന് നിർദേശം. മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരയുടെ പരാതിയിൽ തൃശൂർ സിറ്റി എസിപിക്കു കമ്മിഷണർ നിർദേശം നൽകിയത്. എസിപി വ്യാഴാഴ്ച അനിൽ അക്കരയുടെ മൊഴിയെടുക്കും. വേണ്ടിവന്നാൽ മാധ്യമ പ്രവർത്തകരുടെയും മൊഴിയെടുക്കുമെന്നാണ് വിവരം.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ മേഖലയിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട ചേദ്യങ്ങളിലാണ് മാധ്യമ പ്രവർത്തകരോട് സുരേഷ് ഗോപി ക്ഷുഭിതനായത്. ‘‘ഇത് എന്റെ വഴിയാണ് എന്റെ അവകാശമാണ്’’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ രോഷം. ജനങ്ങൾക്കറിയേണ്ട ചോദ്യമാണ് ചോദിക്കുന്നതെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ പ്രതികരിക്കാൻ സൗകര്യമില്ല എന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങൾ മാധ്യമങ്ങൾക്കുള്ള തീറ്റയാണെന്നും അതുവച്ച് നിങ്ങൾ കാശുണ്ടാക്കിക്കോളൂവെന്നും സുരേഷ് ഗോപി ആദ്യം പ്രതികരിച്ചിരുന്നു. കൂടാതെ ആരോപണങ്ങളിൽ മുകേഷിനെ പിന്തുണച്ചും രംഗത്തെത്തി. തെറ്റു ചെയ്തോയെന്ന് കോടതി തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.