കണ്ണൂർ: കണ്ണൂരിലെ ഒരു പ്രമുഖ നേതാവ് തനിക്കൊപ്പമുണ്ടെന്ന പി.വി അൻവറിന്റെ അവകാശവാദം തെറ്റ്, കണ്ണൂരിൽ ഒരു നേതാവ് പോയിട്ട് അനുഭാവി പോലും അൻവറിന്റെ കൂടെയില്ലെന്ന് ഡിവൈഎഫ്ഐ. അൻവറിന് കണ്ണൂരിനെ പറ്റി അറിയില്ല, അല്ലെങ്കിൽ ഇത്ര കാലമായിട്ടും അവിടുത്തെ സിപിഎമ്മിനെ മനസിലായിട്ടില്ലെന്നും ഡിവൈഎഫ്ഐ. നേതാവ് വികെ സനോജ് പറഞ്ഞു.
വാർത്താസമ്മേളനത്തിന്റെ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ കണ്ടിട്ട് കേരളം മുഴുവൻ അൻവറിന്റെ കൂടെയാണെന്ന് വിചാരിച്ച് വച്ചിരിക്കുകയാണ്. പക്ഷെ അൻവറിന് സ്ഥലവും ആളുകളും മാറിപ്പോയി. കണ്ണൂരിലെ മാത്രമല്ല, കേരളത്തിലെ ഒരു സിപിഎം അനുഭാവി പോലും അൻവറിനൊപ്പമില്ലെന്നും സനോജ് പറഞ്ഞു.
പോലീസിനും അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്ക് പി ശശിക്കുമെതിരേ കടുത്ത ആരോപണങ്ങളുന്നയിച്ചു തുടങ്ങിയ പിവി അൻവർ മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്ന പ്രസ്താവനകളാണ് കുറച്ച് കാലങ്ങളായി നടത്തികൊണ്ടിരിക്കുന്നത്. സിപിഎം നേതാക്കളുടെയും അണികളുടെയും പിന്തുണ തനിക്കുണ്ടെന്നാണ് അൻവർ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതെല്ലാം പൊള്ളയായ വാക്കുകളാെന്നും ഡിവൈഎഫ്ഐ.