ന്യൂഡൽഹി: കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ ബലാത്സംഗ -കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ നടത്തുന്ന സമരത്തിന്റെ ഫലമായി 23 പേർ മരിച്ചുവെന്ന് പശ്ചിമ ബംഗാൾ സർക്കാർ സുപ്രീം കോടതിയിൽ. സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. 31 കാരിയായ ട്രെയ്നി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ഇത് പരിശോധിക്കവേയാണ് ഇക്കാര്യങ്ങൾ സർക്കാർ കോടതിയെ അറിയിച്ചത്.
ചികിത്സ കിട്ടാതെ 23 പേർ ഒരുമാസത്തിനിടെ മരണപ്പെട്ടു, ആറുലക്ഷംപേർക്ക് ചികിത്സ നിഷേധിക്കപ്പെട്ടു. റസിഡന്റ് ഡോക്ടർമാർ ഒ.പി. ഡ്യൂട്ടി ചെയ്യുന്നില്ല. 1500-ൽ അധികം പേർക്ക് ആൻജിയോഗ്രാഫി ചെയ്തില്ലെന്നും കപിൽ സിബൽ കോടതിയെ അറിയിച്ചു. പശ്ചിമ ബംഗാളിനെ പ്രതിനിധീകരിച്ച് സിബൽ സംസ്ഥാന സർക്കാർ അന്വേഷണത്തിൻ്റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിച്ചതായി പറഞ്ഞു. എന്നാൽ, റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് മുദ്രവച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ചത്.
ജോലിയിൽ തിരികെ പ്രവേശിച്ചില്ലെങ്കിൽ ഡോക്ടർമാർക്കെതിരേ നടപടിയെടുക്കണം. സംസ്ഥാനമാകെ പ്രതിഷേധമാണ്. പോലീസിൽനിന്ന് പ്രതിഷേധത്തിനുള്ള അനുമതി വാങ്ങിയിട്ടില്ല. എന്താണ് ഞങ്ങൾ ചെയ്യേണ്ടതെന്നും സിബൽ, പശ്ചിമ ബംഗാൾ സർക്കാരിനു വേണ്ടി കോടതിയോടു ചോദിച്ചു..
ആർജി കർ മെഡിക്കൽ കോളേജിന് സുരക്ഷ ഉറപ്പാക്കാൻ ചുമതലപ്പെട്ട സിഐഎസ്എഫിന് ആവശ്യമായ പിന്തുണ നൽകുന്നതിൽ പശ്ചിമ ബംഗാൾ സർക്കാർ പരാജയപ്പെട്ടത് കോടതി പരിഗണിക്കണമെന്ന് സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു.
ആഗസ്റ്റ് 9ന് ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ട്രെയ്നി ഡോക്ടർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ജൂനിയർ ഡോക്ടർമാർ സമരത്തിലാണ്. നിലവിൽ സിബിഐയ്ക്കാണ് കേസ് അന്വേഷണ ചുമതല.
.