തിരുവനന്തപുരം: കഴിഞ്ഞ കുറച്ചുനാളുകളായി ഭരണ പക്ഷത്തെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് തുടരുന്ന വിവാദങ്ങൾക്കിടെ സിപിഎം സംസ്ഥാന നേതൃയോഗം ഇന്നും നാളെയും ചേരും. ഇന്നു സംസ്ഥാന സെക്രട്ടേറിയറ്റും നാളെ സംസ്ഥാന സമിതിയുമാണു ചേരുക.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പിവി അൻവർ എംഎൽഎ തൊടുത്തുവിട്ട ആരോപണ ശരങ്ങൾ, പി ശശി, തൃശൂർ പൂരം കലക്കൽ, പോലീസ് ഉദ്യോഗസ്ഥ- സ്വർണക്കടത്ത് വിവാദം, തുടങ്ങി ഏറ്റവുമൊടുവിൽ വന്ന മുഖ്യമന്ത്രിയുടെതന്നെ വിവാദ അഭിമുഖവും വരെ നേതൃ യോഗത്തിൽ ചർച്ചയാകാൻ സാധ്യതയുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനെതിരേ പി.വി. അൻവർ എംഎൽഎ പറഞ്ഞുകൊണ്ടിരിക്കുന്ന ആക്ഷേപങ്ങളും മലപ്പുറം ജില്ലയെ പരാമർശിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെതന്നെ വിവാദ അഭിമുഖവും പാർട്ടിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് നേതൃയോഗങ്ങൾ ചേരുന്നത്. ഈ വിഷയങ്ങളെ പ്രതിരോധിക്കാനുള്ള പ്രതിരോധ നടപടികളും യോഗത്തിൽ കൈക്കൊള്ളും.
നാളെ ചേരുന്ന സിപിഎം സംസ്ഥാന സമിതിയും വിവാദങ്ങൾ പരിശോധിക്കും. മുഖ്യമന്ത്രിയെ സംരക്ഷിച്ചുകൊണ്ടുള്ള നിലപാടാണു സിപിഎം നേതൃത്വം ഇതുവരെയും സ്വീകരിച്ചത്. മുന്നോട്ടും അങ്ങനെയാകാനാണു സാധ്യത.