തിരുവനന്തപുരം: കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിന് തൃശൂർ പൂരം പോലെയുള്ള വലിയൊരു ആഘോഷം നടക്കുന്നതിനിടെ എന്ത് ആര്‍എസ്എസ് നേതാവുമായി എന്ത് സ്വകാര്യ സംഭാഷണമാണ് നടത്താനുള്ളതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശൂർ പൂരം കലക്കല്‍ പോലയുള്ള കാര്യങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് താന്‍ ഈ ചോദ്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂർ പൂരത്തിനിടെ ആര്‍എസ്എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളയെ കണ്ടുവെന്ന് അജിത് കുമാർ സമ്മതിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു സിപിഐയുടെ പ്രതികരണം.
താൻ ഈ ചോദിക്കുന്നത് കേരളത്തിന്റെ ആകാംക്ഷയാണ്, ഉത്കണ്ഠയാണ്. എന്താണ് സംസാരിച്ചതെന്ന് അറിയാനുള്ള ആകാംക്ഷ എല്ലാ കേരളീയര്‍ക്കും സിപിഐക്കുമുണ്ട്. കൂടിക്കാഴ്ചയേപ്പറ്റി പുറത്തുവന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ അത് ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിലെ ജനങ്ങളുടെ സാംസ്കാരികോത്സവമായ പൂരം അലങ്കോലമാക്കിയതില്‍ പോലീസിന്റെ പങ്കിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ പൊന്തിവരവെ കൂടിക്കാഴ്ചയ്ക്ക് അതീവ പ്രാധാന്യമുണ്ട്. പൂരം കലങ്ങിയ സമയത്ത് തന്നെ പാർട്ടിക്കെതിരെ പ്രതിപക്ഷം ആരോപണമുന്നയിച്ചിരുന്നു. ഇതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയുടെ വെളിപ്പെടുത്തലുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.
തന്റെ അറിവിൽ എല്‍ഡിഎഫിന് ആര്‍എസ്എസുമായി യാതൊരു ബന്ധവുമില്ല, ആശയപരവും രാഷ്ട്രീയവും സൈദ്ധാന്തികവുമായി എല്‍ഡിഎഫും ആര്‍എസ്എസും രണ്ട് ദിക്കിലാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിന് നല്കിയ വിശദീകരണത്തില്‍ ഒപ്പം പഠിച്ചയാളുടെ ക്ഷണപ്രകാരം ഹൊസബാളയെ കണ്ടിരുന്നുവെന്ന് എംആര്‍ അജിത് കുമാര്‍ സമ്മതിച്ചിരുന്നു. 2023 മേയ് 22-നായിരുന്നു എംആർ അജിത് കുമാർ- ഹൊസബളെ സന്ദര്‍ശനം. പാറമേക്കാവ് വിദ്യാമന്ദിറില്‍ ആര്‍എസ്എസ് ക്യാംപിനിടെയായിരുന്നു സന്ദര്‍ശനം. സ്പെഷ്യല്‍ ബ്രാഞ്ച് ഡിജിപിക്കും ഇന്‍ലിജന്‍സ് വിഭാഗത്തിനും കൂടിക്കാഴ്ച നടന്നതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആര്‍എസ്എസിന്റെ പോഷകസംഘടനയായ വിജ്ഞാനഭാരതിയുടെ മലയാളിയായ ദേശീയ ഭാരവാഹിക്കൊപ്പമാണ് സന്ദര്‍ശനമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു ഈ കൂടിക്കാഴ്ചയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കൂടാതെ തൃശൂരിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ ഈ സന്ദർശനം വഴിമരുന്നിട്ടുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു.