തിരുവനന്തപുരം: വിദ്യാഭ്യാസ-കായിക വകുപ്പുകൾ തമ്മിലുള്ള ഭിന്നത കാരണം തിങ്കളാഴ്ച നടത്താനിരുന്ന ഒളിംപ്യൻ പി.ആർ. ശ്രീജേഷിന്റെ സ്വീകരണപരിപാടി സർക്കാർ മാറ്റിവച്ചു.
തിങ്കളാഴ്ച വൈകുന്നേരം ശ്രീജേഷിനായുള്ള സ്വീകരണ പരിപാടി നടക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ശനിയാഴ്ച പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വൈകീട്ട് അഞ്ചരയോടെ സ്വീകരണം മാറ്റിവച്ചതായി അറിയിച്ചു. ഇരുവകുപ്പുകളും തമ്മിലുള്ള തർക്കം ശ്രദ്ധയിൽപ്പെട്ടതിനാൽ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് പരിപാടി മാറ്റിവച്ചതെന്നാണ് അറിയുന്നത്.
വിദ്യാഭ്യാസ വകുപ്പ് ഏകപക്ഷീയമായി മുൻകൈയെടുത്ത് സ്വീകരണം ഒരുക്കിയതിൽ കടുത്ത നീരസത്തിലാണ് കായികവകുപ്പ്. കായികതാരത്തിന് സ്വീകരണമൊരുക്കേണ്ടത് തങ്ങളാണെന്ന നിലപാടിലാണവർ. പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറാണ് ശ്രീജേഷ്. അതിനാൽ തങ്ങൾക്കാണ് അവകാശമെന്ന് വിദ്യാഭ്യാസ വകുപ്പും. ഇതോടെ പരിപാടി മാറ്റിവയ്ക്കാൻ അവസാനഘട്ടത്തിൽ തീരുമാനിക്കുകയായിരുന്നു.