തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും. അതിനാല്‍ വാഹന യാത്രക്കാരടക്കമുള്ളവര്‍ ജാഗ്രത കാണിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. തുടര്‍ച്ചയായി മഴ ലഭിക്കുന്ന മലയോരമേഖലകളില്‍ പ്രത്യേക ജാഗ്രത വേണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണം. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ട്.
തെക്കന്‍ ശ്രീലങ്കയ്ക്കു മുകളില്‍ ചക്രവാതച്ചുഴി നിലനില്ക്കുന്നതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. ഇടുക്കിയില്‍ വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ടാണ്. വയനാട്ടില്‍ ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടും. ഇന്നലെ വൈകിട്ട് ചൂരല്‍മല, മുണ്ടക്കൈ മേഖലയില്‍ കനത്ത മഴ പെയ്തതോടെ 83 പേരെ മാറ്റി പാര്‍പ്പിച്ചു. തിരുവനന്തപുരം നഗരത്തിലും ഇന്നലെ കനത്ത മഴയാണ് അനുഭവപ്പെട്ടത്.