ഷിരൂർ: ഗംഗാവലിപ്പുഴയുടെ ആഴങ്ങളിൽ ഉറങ്ങുമ്പോഴും അർജുന്റെ തൊട്ടടുത്ത് ഭദ്രമായി സൂക്ഷിച്ചിരുന്നു മകനായുള്ള അവസാന സമ്മാനം… ഒരു കുഞ്ഞ് ലോറി. ഇന്ന് ലോറിയുടെ ക്യാബിൻ പൊളിച്ച് നടത്തിയ പരിശോധനയിലാണ് മകനായി വാങ്ങിയ കളിപ്പാട്ട ലോറി കണ്ടെത്തിയത്. കൂടാതെ അർജുന്റെ രണ്ടുഫോണുകൾ,ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, പാത്രങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, ബാഗ്, വാച്ച്, എന്നിവയും കണ്ടെടുത്തു.
പുഴയിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയ അർജുന്റെ ലോറി ഇന്ന് പൊളിച്ച് പരിശോധിക്കുന്നതിനിടയിലാണ് അർജുൻ അവസാന സമയത്ത് ഉപയോഗിച്ചിരുന്ന വസ്തുക്കൾ കണ്ടെത്തിയത്. ലോറിയുടെ ക്യാബിനിൽ നിന്ന്മൃതദേഹാവശിഷ്ടങ്ങൾ ഉൾപ്പെടെ ശേഖരിക്കുന്നതിന് വേണ്ടിയാണ് ലോറി പൊളിച്ച് പരിശോധിക്കാൻ തീരുമാനിച്ചത്. ലോറിയ്ക്കുള്ളിൽ നിന്നും അർജുന്റെ അസ്ഥിയുടെ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്
കഴിഞ്ഞ ദിവസം ലോറിയിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങളുടെ 75 ശതമാനം മാത്രമേ ലഭിച്ചിരുന്നുള്ളുവെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ അറിയിച്ചിരുന്നു. മാത്രമല്ല, അർജുൻ അവസാന സമയം ഉപയോഗിച്ചിരുന്ന സാധനങ്ങൾ ലഭിക്കുകയാണെങ്കിൽ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് അർജുന്റെ ഭാര്യ ആഗ്രഹിക്കുന്നതായി സഹോദരി ഭർത്താവ് അതികൃതരെ അറിയിച്ചിരുന്നു.
ചെളി നിറഞ്ഞ നിലയിലായിരുന്ന ക്യാബിൻ ദേശീയപാതയോരത്ത് എത്തിച്ച ശേഷം ക്യാബിൻ വെട്ടിപ്പൊളിച്ച് വള്ളം അടിച്ച് വൃത്തിയാക്കി. തുടർന്നാണ് പരിശോധിച്ചത്. കർണാടക സർക്കാർ അർജുന്റെ കാര്യത്തിൽ സാധ്യമായതെല്ലാം ചെയ്തുവെന്ന് അർജുന്റെ സഹോദരി അഞ്ജു നേരത്തേ പറഞ്ഞിരുന്നു. മലയാളികളും കേരളത്തിലെ മാധ്യമങ്ങളും ഒപ്പമുണ്ടായിരുന്നു. എന്നാൽ യൂട്യൂബ് ചാനലുകൾ നടത്തിയ വ്യാജപ്രചരണം വേദനിപ്പിച്ചെന്നും കുടുംബത്തിനും ലോറി ഉടമ മനാഫിനും ഒരുപാട് സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കാർവാർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന അർജുന്റെ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് ശേഷം എത്രയും വേഗം ബന്ധുക്കൾക്ക് വിട്ടുനൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കർവാർ ആശുപത്രിയിലാണു മൃതദേഹമുള്ളത്. ഡിഎൻഎ ഫലം രണ്ടു ദിവസത്തിനകം ലഭിക്കുമെന്നാണ് വിവരം.