കൊച്ചി: എഡിജിപി എംആർ അജിത് കുമാറിനെതിരെ എംഎൽഎ പിവി അൻവർ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന പൊലീസ് മേധാവിയിൽനിന്നു മുഖ്യമന്ത്രി റിപ്പോർട്ട് തേടി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സർക്കാരിനെ വെട്ടിലാക്കിക്കൊണ്ടാണ് അൻവർ എഡിജിപി അജിത് കുമാറിനും പത്തനംതിട്ട എസ്പി സുജിത്തിനുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്.
ഇന്ന്എം.ആർ. അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായാണ് അൻവർ മാധ്യമങ്ങളെ കണ്ടത്. മന്ത്രിമാരുടെയും എംഎൽഎമാരുടെയും ഫോണുകൾ വരെ ചോർത്തുന്നു. എഡിജിപിയും പൊളിറ്റിക്കൽ സെക്രട്ടറിയും ചേർന്നു സ്വർണക്കടത്ത് കച്ചവടം നടത്തുന്നുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അജിത്കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും അൻവർ ആരോപിച്ചിരുന്നു.
അതുപോലെ സ്വർണക്കടത്തിൽ ഇടനിലക്കാരനായ എടവണ്ണ സ്വദേശി കൊല്ലപ്പെട്ട സംഭവത്തിലും എഡിജിപിക്ക് പങ്കുണ്ടെന്നും കസ്റ്റംസും എഡിജിപിയും എസ്പിയും കൂട്ടായിയാണ് സ്വർണക്കടത്ത് സംഘത്തെ സഹായിക്കുന്നത്. പത്തനംതിട്ട എസ്പി സുജിത് ദാസിനു കസ്റ്റംസിലുള്ള ബന്ധം കോഴിക്കോട്ട് വിമാനത്താവളത്തിൽ സ്വർണം കടത്താൻ ഉപയോഗിക്കുന്നതായും അൻവർ ആരോപിച്ചിരുന്നു.