കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു ശേഷമുള്ള അമ്മയിലെ കൂട്ടരാജിക്കു പിന്നിലെ വിശദാംശങ്ങൾ പുറത്ത്. രാജി തീരുമാനത്തിനുള്ള ചർച്ചകൾ നടന്നത് വാട്സാപ്പ് ഗ്രൂപ്പിലൂടെയായിരുന്നുവെന്നാണ് വിവരം. മമ്മൂട്ടിയുമായി സംസാരിച്ച ശേഷമാണ് മോഹൻലാൽ വാട്സാപ്പിൽ അംഗങ്ങളുമായി സംസാരിച്ചത്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പല താരങ്ങളും ലൈംഗികാരോപണങ്ങൾക്ക് വിധേയരായത് സംഘടനയ്ക്കുള്ളിൽ തന്നെ എതിർപ്പിന് വഴിവച്ചിരുന്നു. നേതൃത്വത്തോടുള്ള എതിർപ്പ് സംഘടനയെ തന്നെ പിളർത്തിയേക്കും എന്ന സ്ഥിതിയിലാണ് രാജിയാണ് ഉചിതം എന്ന തീരുമാനത്തിലേക്ക് താരങ്ങൾ എത്തിച്ചേരുകയായിരുന്നു.
ഇനിയും ആക്രമണം വരും. നമ്മൾ ഒഴിയുന്നതാണ് നല്ലതെന്ന് മോഹൻലാൽ വാട്സാപ്പിലൂടെ പറഞ്ഞു. പുതിയ തലമുറ വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആരോപണങ്ങൾക്കെതിരെ പോരാടണമെന്നായിരുന്നു ചില അംഗങ്ങളുടെ അഭിപ്രായം. ഫൈറ്റ് ചെയ്യാൻ രാഷ്ട്രീയമല്ലെന്നും ഈ ഘട്ടത്തിൽ മറ്റു ചർച്ചകളിലേക്ക് പോകേണ്ട എന്നുമായിരുന്നു മോഹൻലാലിന്റെ മറുപടി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ അംഗങ്ങളെല്ലാംതന്നെ മമ്മൂട്ടിക്കും മോഹന്‍ലാലിനും കൂട്ടത്തോടെ സന്ദേശമയച്ചിരുന്നു.
നിലവിലുള്ള ഭരണസമിതി അടുത്ത രണ്ടു മാസം അഡ്ഹോക് ആയി പ്രവർത്തിക്കും. അംഗങ്ങൾക്ക് പദവിയുണ്ടാകില്ല. അമ്മ തുടർന്നു വരുന്ന കൈനീട്ടം, ചികിത്സാസഹായം തുടങ്ങിയവ ഈ സമിതിയുടെ നേതൃത്വത്തിലാവും വിതരണം ചെയ്യുക. രണ്ടു മാസത്തിനു ശേഷമാകും തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക.