കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ദിവസങ്ങൾക്കു ശേഷം പ്രതികരണവുമായി രംഗത്ത് വന്ന ജനറൽ സെക്രട്ടറി തന്നെ ആരോപണ വിധേയൻ. വേലി തന്ന വിളവു തിന്നുന്ന അവസ്ഥ. ഇതിനിടയിൽ സംഘടനയ്ക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസം രൂക്ഷം. തലപ്പത്തിരിക്കുന്ന പ്രസിഡൻ്റാണെങ്കിൽ വാ തുറക്കുന്നുമില്ല. ഇതാണ് അമ്മ സംഘടനയുടെ നിലവിലെ അവസ്ഥ. ഇതിനിടെ ‘അമ്മ’ സംഘടനയുടെ 17 അംഗ എക്സിക്യൂട്ടീവ് നാളെ കൊച്ചിയിൽ യോഗം ചേരും. ജനറൽ ബോഡി വിളിച്ചുചേർക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
നിലവിൽ ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല ജോയിന്റ് സെക്രട്ടറി ബാബുരാജിനാണ്.
പതിവിൽനിന്നു വ്യത്യസ്തമായി അമ്മയിലെ അംഗങ്ങൾക്കിടയിൽ ഭിന്നസ്വരം ആദ്യം കേട്ടത് നടൻ ജഗദീഷിന്റെയായിരുന്നു. സിദ്ദിഖ് പറഞ്ഞതിനെ തള്ളിയില്ലെങ്കിലും ജഗദീഷിന്റെ നിലപാടുകൾക്കാണു പൊതുസമൂഹം കയ്യടിച്ചത്. അമ്മ തിരഞ്ഞെടുപ്പിൽ സിദ്ദിഖ് ഉൾപ്പെടെയുള്ളവരുടെ പാനലിനെ വെല്ലുവിളിച്ച് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ച ജയൻ ചേർത്തലയും മറ്റും സംഘടനയുടെ മൗനത്തെ ചോദ്യം ചെയ്തിരുന്നു.
അമ്മയുടെ എതിർ ചേരിയായ ഡബ്ല്യുസിസിയുടെ നിലപാടിനെ ജയൻ പ്രശംസിച്ചപ്പോൾ ജഗദീഷ് അവരോടു മൃദുസമീപനം സ്വീകരിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അൻസിബ ഹസൻ, ഉർവശി, ശ്വേത മേനോൻ തുടങ്ങിയവരെല്ലാം തുറന്ന വിമർശനവുമായി രംഗത്തു വന്നതോടെ പ്രതിഷേധ ശബ്ദങ്ങൾ ഇനിയുയരുമെന്ന് ഉറപ്പ്. സിദ്ദിഖിനെതിരെ ആരോപണം ഉയർന്ന ഉടനെ ജനറൽ സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് അമ്മയുടെ പ്രസിഡന്റ് മോഹൻലാലിന് ഒരു അംഗം ഇമെയിൽ അയച്ചിരുന്നു.
ഏതൊക്കെയായാലും വാശിയേറിയ തിരഞ്ഞെടുപ്പിൽ വിജയിച്ച സിദ്ദിഖിനു യുവ നടിയുടെ ആരോപണത്തെ തുടർന്ന് രണ്ടു മാസം പോലും തികയും മുൻപാണു സ്ഥാനം ഒഴിയേണ്ടിവന്നു. ശനിയാഴ്ച തന്നെ കൊച്ചിയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായി രാജിക്കാര്യത്തിൽ സിദ്ദിഖ് അഭിപ്രായം തേടിയിരുന്നു. അതിനു ശേഷമാണ് രാജിക്കാര്യം അറിയിച്ചത്. നിലവിൽ ഷൂട്ടിങ്ങിനായി ഊട്ടിയിലാണു സിദ്ദിഖ്.