മലപ്പുറം: എഡിജിപിക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി പിവി അൻവർ എംഎൽഎ. സോളാർ കേസ് അട്ടിമറിച്ചത് എംആർ അജിത് കുമാറിന്റെ ഇടപെടലിനെ തുടർന്നാണെന്ന് അൻവർ എംഎൽഎ. അജിത് കുമാർ ഇടതുപക്ഷ വിരുദ്ധൻ, കെസി വേണുഗോപാലിന്റെ നിർദ്ദേശ പ്രകാരം സരിതയെ കൊണ്ട് മൊഴി മാറ്റിപ്പറയിച്ചത് എംആർ അജിത് കുമാറാണെന്നും എംഎൽഎ. മാത്രമല്ല സോളാർ കേസിൽ പരാതികാരിയുമായി അജിത് കുമാറിന് അടുത്ത ബന്ധം ഉള്ളതായും എംഎൽഎ. മൊഴി മാറ്റി പറയാൻ പരാതിക്കാരിക്ക് പണം വാഗ്ദാനം ചെയ്തു. അങ്ങനെയാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്ന് പോലീസ് സേനയിലെ ഒരുദ്യോഗസ്ഥൻ പറഞ്ഞിട്ടുണ്ട്. ഇത് അന്വേഷിച്ചാൽ സത്യമാണോയെന്ന് കണ്ടെത്താം-എംഎൽഎ.
സ്വർണ കടത്തുമായി ബന്ധപ്പെട്ട് എടവണ്ണ സ്വദേശി റിഥാൻ മരിച്ച സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത ഷാൻ നിരപരാധിയായിരുന്നു. ഷാനും റിഥാനും സുഹൃത്തുക്കളാണ്. സ്വർണക്കടത്തിലെ പല വിവരങ്ങളും റിഥാന് അറിയാമായിരുന്നു. അതിനാലാണ് റിഥാനെ കൊലപ്പെടുത്തി ഷാനിന്റെ തലയിൽ വച്ചുകെട്ടിയത്. റിഥാന്റെ രണ്ട് ഫോണുകൾ പോലീസ് തന്നെയാണ് നശിപ്പിച്ചത്. റിഥാനെ കൊല്ലാൻ ഷാൻ ഉപയോഗിച്ചുവെന്ന് പറയുന്ന തോക്ക് പോലീസ് തന്നെയാണ് ഷാനിന്റെ വീട്ടിൽ കൊണ്ടുവച്ചത്.
തിരുവനന്തപുരത്ത് കവടിയാറിൽ കൊട്ടാരത്തിന് സമീപം സെന്റിന് 60 ലക്ഷത്തിനു മുകളിൽ വില നൽകി 10 സെന്റ് സ്ഥലം വാങ്ങിയിട്ടുള്ളതായും എംഎൽഎ വെളിപ്പെടുത്തി. 10 സെന്റ് സ്ഥലം അജിത് കുമാറിന്റെ പേരിലും 12 സെന്റ് സ്ഥലം ഭാര്യാ സഹോദരന്റെ പേരിലുമാണ് വാങ്ങിയിരിക്കുന്നത്.
വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകർ പുറത്തുവിട്ട ദ്യശ്യങ്ങൾ പ്രകാരം കവടിയാർ കൊട്ടാരത്തിന്റെ തന്നെ സ്ഥലമായ ഇവിടെ മൂന്നു നിലകളിലായായി വീട് നിർമിക്കുന്നതായി കണ്ടെത്തി. കൂടാതെ പോലീസിലെ തന്നെ ഒരുദ്യോഗസ്ഥൻ എംആർ അജിത് കുമാർ നടത്തിയ തട്ടിപ്പുക്കളുടെ വിവരങ്ങൾ എംഎൽഎയെ അറിയിച്ച ശബ്ദ സന്ദേശവും എംഎൽഎ പുറത്തുവിട്ടു.