മലപ്പുറം∙ ബലാത്സംഗം ചെയ്തതായുള്ള വീട്ടമ്മയുടെ ആരോപണത്തിനെതിരെ പരാതി നൽകുമെന്ന് മുൻ എസ്പി എസ്. സുജിത് ദാസ്. ആരോപണങ്ങൾക്ക് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ട്, ഇതുകാണിച്ച് ഡിജിപിക്ക് പരാതി നൽകുമെന്നും നിലവിൽ സസ്പെൻഷനിലുള്ള സുജിത് ദാസ് പറഞ്ഞു. എസ്പിയെ കൂടാതെ പൊന്നാനി മുൻ എസ്എച്ച്ഒ വിനോദിനെതിരെയും വീട്ടമ്മ ലൈംഗിക പീഡന ആരോപണം ഉയർത്തിയിട്ടുണ്ട്.
കുടുംബ പ്രശ്നത്തെക്കുറിച്ച് പരാതി നൽകാനെത്തിയ തന്നെ എസ്പിയും സിഐയും ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മ ആരോപിച്ചത്. സുജിത്ദാസ് രണ്ടു തവണ ബലാത്സംഗം ചെയ്തു. കുട്ടിയില്ലാതെ തനിച്ചു കാണാൻ വരാൻ ആവശ്യപ്പെട്ടു. അവിടെ ചെന്നപ്പോൾ എസ്പി ഓഫിസിന് കുറച്ചകലെയായി മറ്റൊരു വീട്ടിലേക്ക് ഒരാൾ കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ചാണ് എസ്പി ആദ്യം പീഡിപ്പിച്ചത്. രണ്ടാമത്തെ തവണ ബലാത്സംഗം ചെയ്യുമ്പോൾ ഒരു ഉദ്യോഗസ്ഥൻ കൂടെയുണ്ടായിരുന്നു. കസ്റ്റംസിലെ ഉദ്യോഗസ്ഥനെന്നാണ് പറഞ്ഞത്. കുടിക്കാൻ ജൂസ് തന്നതിനു ശേഷമാണ് തന്നെ പീഡിപ്പിച്ചത്. വലിയൊരു വീട്ടിൽവച്ചായിരുന്നു പീഡനമെന്നും വീട്ടമ്മ പറഞ്ഞു.
പൊന്നാനി സിഐയ്ക്കെതിരെ ബലാത്സംഗ പരാതിയുമായാണ് വീട്ടമ്മ ആദ്യം താനൂർ ഡിവൈഎസ്പി വിവി ബെന്നിടെ അടുത്തുപോയത്. അവിടെ നിന്നും ബെന്നി തന്നെ കടന്നു പിടിച്ചുവെന്ന് കാണിച്ച് ഇരുവർക്കുമെതിരെ പരാതിയുമായാണ് തന്റെയടുത്തെത്തിയതെന്ന് സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ താൻ നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഓഫിസിൽ വച്ചല്ലാതെ വീട്ടമ്മയെ കണ്ടിട്ടില്ല. ആരോപണത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും സുജിത് ദാസ് പറഞ്ഞു.