കൊച്ചി: നടൻ നിവിൻപോളിക്കെതിരെ പീഡന ആരോപണവുമായി രംഗത്തെത്തിയ യുവതിയുടെ മൊഴിയിൽ പൊരുത്തക്കേടുകളുള്ളതായി കണ്ടെത്തൽ. ദുബായിലെ ഹോട്ടലിൽവച്ച് പീഡിപ്പിച്ചെന്ന് പറയുന്ന സമയത്ത് യുവതി നാട്ടിലായിരുന്നെന്ന് സൂചന. ഇതു സംബന്ധിച്ച് വ്യക്തത വരുത്താനായി യുവതിയുടെ യാത്രാ രേഖകൾ പരിശോധിക്കാനൊരുങ്ങുകയാണ് അന്വേഷണ സഘം. കൂടാതെ ഹോട്ടൽ അധികൃതരിൽനിന്നും വിവരം ശേഖരിക്കും.
2023 നവംബർ, ഡിസംബർ മാസങ്ങളിൽ പീഡിപ്പിച്ചെന്നായിരുന്നു ആദ്യം നൽകിയ പരാതി. എന്നാൽ പരാതിയിൽ പറയുന്ന ദിവസങ്ങളിൽ യുവതി കേരളത്തിലായിരുന്നു എന്നാണ് പൊലീസിനു ലഭിച്ച വിവരം. മാത്രമല്ല, 2021ന് ശേഷം നിവിൻ ഈ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നുമാണ് അന്വേഷണത്തിൽ പോലീസിന് ലഭിച്ച വിവരം.
യുവതിയുടെ ആദ്യ പരാതി ലഭിച്ചപ്പോൾ തന്നെ പോലീസ് അന്വേഷണം നടത്തി യുവതിയുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നു രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിനു യുവതി നൽകിയ പീഡന പരാതിയെ തുടർന്നാണ് ഇപ്പോഴത്തെ കേസ്.
യുവതിയുടെ പരാതിയിൽ നിവിൻ പോളിയടക്കം 6 പേർക്ക് എതിരെയാണ് ഊന്നുകൽ പൊലീസ് കേസെടുത്തത്. നിവിൻ 6–ാം പ്രതിയാണ്. കോട്ടയം സ്വദേശി ശ്രേയ, സിനിമാനിർമാതാവ് തൃശൂർ സ്വദേശി എ.കെ.സുനിൽ, എറണാകുളം സ്വദേശികളായ ബിനു, ബഷീർ, കുട്ടൻ എന്നിവരാണു മറ്റു പ്രതികൾ. പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. യുവതിയെ സിനിമയിൽ അവസരം തരാമെന്നു പറഞ്ഞ് ദുബായിൽ വച്ചു പീഡിപ്പിച്ചുവെന്നാണ് കേസ്.
യുവതി നിവിനെതിരെ കേസുകൊടുത്തതിന് തൊട്ടുപിന്നാലെ പീഡനാരോപണം ശുദ്ധനുണയാണെന്നും അങ്ങനെയൊരു പെൺകുട്ടിയെ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലെന്നും നിവിൻ പോളി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. യുവതിയുടെ പരാതി വ്യാജമാണെന്നും അന്നേ ദിവസം തന്നോടൊപ്പം സിനിമയുടെ വർക്കുമായി ബന്ധപ്പെട്ടുണ്ടായിരുന്നുവെന്ന് പറഞ്ഞ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനും രംഗത്തെത്തിയിരുന്നു.