കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ രൂപം ഇന്ന് സർക്കാർ ഹൈക്കോടതിക്ക് കൈമാറും. റിപ്പോർട്ട് ഹൈക്കോടതി പരിശോധിച്ച ശേഷമായിരിക്കും ഇതിൽ പറയുന്ന ലൈംഗിക പീഡന ആരോപണങ്ങളിൽ ക്രിമിനൽ കേസെടുക്കേണ്ടതുണ്ടോ എന്ന് സർക്കാരിനെ അറിയിക്കുക. ചൊവ്വാഴ്ച രാവിലെ 10.15ന് ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രത്യേക കേസായി കോടതി പരിഗണിക്കും. ആക്ടിങ് ചീഫ് ജസ്റ്റിസ് ചുമതലപ്പെടുത്തിയ പ്രത്യേക ഡിവിഷൻ ബെഞ്ചാണ് റിപ്പോർട്ട് പരിഗണിക്കുന്നത്.
2019 ൽ ജസ്റ്റിസ് ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് ഏറെ കോലാഹലങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ശേഷമാണ് വെളിച്ചം കണ്ടത്. റിപ്പോർട്ടിലെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കികൊണ്ടായിരുന്നു റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടത്. എന്നാൽ അനുബന്ധ രേഖകളടക്കം ഉൾപ്പെടുന്ന പൂർണമായ റിപ്പോർട്ടിന്റെ പകർപ്പാണ് സർക്കാർ ഇന്ന് മുദ്രവെച്ച കവറിൽ ഹൈക്കോടതി പ്രത്യേക ഡിവിഷൻ ബെഞ്ചിന് മുമ്പാകെ സമർപ്പിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടെങ്കിലും അതിൽ പറയുന്ന ഇരകളുടെ മൊഴികളിന്മേൽ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കില്ലെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെതിരേ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി ഇടപെടൽ. റിപ്പോർട്ടിൽ പറയുന്ന ലൈംഗിക പീഡന ആരോപണങ്ങളിന്മേൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ടോയെന്നാണ് കോടതി ഇന്ന് പരിശോധിക്കുക.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പരിശോധിക്കുന്നത് ജസ്റ്റിസുമാരായ എ.കെ ജയശങ്കർ നമ്പ്യാരും സി.എസ് സുധയും ചേർന്ന രണ്ടംഗ ഡിവിഷൻ ബെഞ്ചാണ്. പൊതുപ്രവർത്തകനായ പായിച്ചിറ നവാസ് നൽകിയ പൊതുതാത്പര്യ ഹർജി നേരത്തെ കോടതി പരിഗണിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡിവിഷൻ ബെഞ്ച് രൂപവത്കരിച്ചത്. ഇന്നാണ് റിപ്പോർട്ട് ഹൈക്കോടതിക്ക് റിപ്പോർട്ട് കൈമാറണമെന്ന് പറഞ്ഞ അവസാന ദിവസം. കൂടാതെ റിപ്പോർട്ടിന്റെ പൂർണ രൂപത്തിന് പുറമെ മൊഴിപ്പകർപ്പുകളടക്കം മുഴുവൻ വിവരങ്ങളും നൽകണമെന്ന കോടതി നിർദ്ദേശവുമുണ്ട്. റിപ്പോർട്ടിനെ തുടർന്ന് സർക്കാർ സ്വീകരിച്ച നടപടികൾ, പ്രത്യേക അന്വേഷണ സംഘത്തെപ്പറ്റിയുള്ള വിവരങ്ങളടക്കം നൽകണമെന്നുള്ളതാണ് കോടതി നിർദ്ദേശം.
അതേ സമയം ഹേമ കമ്മിറ്റി റിപ്പോർട്ട് ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമാ വ്യവസായത്തെ സുരക്ഷിതമാക്കുമെന്ന് നടിയും സംവിധായകയുമായ രേവതി പറഞ്ഞു. ഇംഗ്ലീഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.