ഷിരൂർ: ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിലുണ്ടായ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ മൃതദേഹം ഡിഎൻഎ സാംപിൾ എടുത്തശേഷം നാളെ കുടുംബാംഗങ്ങൾക്കു വിട്ടുനൽകും. നിലവിൽ കർവാർ ജില്ലാ ആശുപത്രിയിലാണു മൃതദേഹമുള്ളത്. ഡിഎൻഎ ഫലം രണ്ടു ദിവസത്തിനകം ലഭിക്കുെന്നാണ് അറിയുന്നത്. ഡിഎൻഎ പരിശോധന നടത്തണമെന്ന് അർജുന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. ഇതിനായി അർജുന്റെ അസ്ഥിയുടെ ഒരു ഭാഗമെടുത്ത് മംഗളൂരു എഫ്എസ്എൽ ലാബിലേക്ക് അയച്ചു. മൃതദേഹഭാഗം കോഴിക്കോട്ടെ വീട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം കേരള സർക്കാർ ഏറ്റെടുക്കും.
അതേസമയം അർജുൻ ഓടിച്ചിരുന്ന ലോറി ഗംഗാവലി പുഴയിൽ നിന്നും റോഡിയേക്കെത്തിച്ചു. മൂന്നു ക്രെയിനുകൾ ഉപയോഗിച്ച് വടം കെട്ടി വാഹനം പൊക്കിയെടുത്താണ് റോഡിലേക്കെത്തിച്ചത്. ലോറിയുടെ ടയറുകൾ മൂവ് ചെയ്യില്ലാത്തതിനാൽ ഏറെ ശ്രമപ്പെട്ടാണ് ലോറി റോഡിലേക്കെത്തിച്ചത്. ഡ്രജറിലെ ക്രെയിൻ ഉപയോഗിക്കാതെ പുറത്തുനിന്നു കൊണ്ടുവന്ന ക്രെയിൻ ഉപയോഗിച്ചാണ് ലോറി റോഡിലേക്കെത്തിച്ചത്.
ഇനി ലോറിയുടെ ക്യാബിൻ വെട്ടിപ്പൊളിച്ച് ബാക്കിയുള്ള അർജുന്റെ ശരീരഭാഗങ്ങളും അർജുൻ ഉപയോഗിച്ച സാധനങ്ങൾ എന്തെങ്കിലുണ്ടെങ്കിൽ ബന്ധുക്കളെ ഏൽപിക്കുകയെന്ന ദൗത്യമാണുള്ളത്. അതോടൊപ്പം ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥൻ എന്നിവർക്കായി ഇന്നും തിരച്ചിൽ തുടരും.