പാരിസ്∙ പാരീസ് ഒളിംപിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്കു വെങ്കലം. വാശിയേറിയ പോരാട്ടത്തിൽ സ്പെയിനെ 2–1ന് തോൽപിച്ചാണ് ഇന്ത്യയുടെ വിജയക്കുതിപ്പ്. പാരിസിൽ ഇന്ത്യയുടെ നാലാം മെഡലാണിത്. ഇന്ത്യൻ ഹോക്കി ടീമിന്റെ ഒളിംപിക് ചരിത്രത്തിലെ മൂന്നാം വെങ്കല മെഡൽ കൂടിയാണിത്. ഇതോടെ ഒരു ഇന്ത്യൻ ഹോക്കിയുടെ വൻ മതിൽ പി.ആർ. ശ്രീജേഷിന് തലയെടുപ്പോടെ വിട പറയാം. പി.ആർ. ശ്രീജേഷിന്റെ കരിയറിലെ അവസാന മത്സരമായിരുന്നു ഇത്.
30, 33 മിനിറ്റുകളിൽ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങാണ് ഇന്ത്യയ്ക്കായി ഗോളടിച്ചത്. 18–ാം മിനിറ്റിൽ പെനൽറ്റി സ്ട്രോക്കിൽനിന്ന് മാർക് മിറാലസ് സ്പെയിനെ ആദ്യം മുന്നിലെത്തിച്ചെങ്കിലും ക്യാപ്റ്റനിലൂടെ ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു പെനൽറ്റി കോർണറിൽനിന്നാണ് ഇന്ത്യൻ ക്യാപ്റ്റന്റെ ആദ്യ ഗോൾ പിറന്നത്. ആദ്യ പകുതി പിന്നിട്ടപ്പോൾ സ്കോർ 1–1 എന്ന നിലയിലായിരുന്നു. 33–ാം മിനിറ്റിൽ പെനാൽറ്റി കോർണറിൽനിന്ന് വീണ്ടും നായകൻ ഹർമൻപ്രീത് ഇന്ത്യയെ മുന്നിലെത്തിച്ചു. ഗോൾകീപ്പർ മലയാളിതാരം ശ്രീജേഷിന്റെ സേവുകൾ ഇന്ത്യയ്ക്കു രക്ഷയായി.
സെമിയിൽ ജർമനിയോടു 2–3നു തോറ്റതോടെയാണ് ഇന്ത്യ 3–ാം സ്ഥാന മത്സരത്തിലേക്കെത്തിയത്. ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം വെങ്കലമാണിത്. മാത്രമല്ല പി.ആർ. ശ്രീജേഷിന്റെ 335–ാമത്തെ മത്സരമാണ് ഇന്നു പൂർത്തിയാക്കിയത്. ഈ ഒളിംപിക്സിനു മുൻപാണു കരിയറിനു വിരാമം കുറിക്കാനുള്ള തീരുമാനം ശ്രീജേഷ് പ്രഖ്യാപിച്ചത്.
മത്സരശേഷം പഞ്ചാബ് മുഖ്യമന്ത്രി സംസ്ഥാനത്തെ ഓരോ ഇന്ത്യൻ ഹോക്കി ടീം കളിക്കാർക്കും ഒരു കോടി രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.