ഗുവാഹാട്ടി: അസമിലെ കൂട്ടബലാത്സംഗക്കേസിലെ മുഖ്യപ്രതി പോലീസ് കസ്റ്റഡിയിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുളത്തിൽ ചാടി മരിച്ചു. നാഗോൺ ജില്ലയിൽ 14 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ വെള്ളിയാഴ്ചയാണ് തഫാസുൽ ഇസ്ലാമിനെ അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച ഇസ്ലാമിനെ കൂടുതൽ അന്വേഷണത്തിനായി കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ സമീപത്തെ കുളത്തിലേക്ക് ചാടുകയായിരുന്നു. രണ്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ മൃതദേഹം പുറത്തെടുക്കുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തു.
കൂട്ടബലാത്സംഗത്തിൽ ഉൾപ്പെട്ട മൂന്ന് പേരിൽ ഒരാളാണ് ഇസ്ലാം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ മൂന്നു പേർ ചേർന്ന് പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നതാണ് കേസ്. അബോധാവസ്ഥയിൽ കണ്ട പെൺകുട്ടിയെ നാട്ടുകാരാണ് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികൾക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്.