Kasargod Quarry owner tried to commit suicide by reaching the protest site
കാസർഗോഡ്: കാസർഗോഡ് റിലേ സമരപ്പന്തലിലെത്തി ചെങ്കൽ ക്വാറി ഉടമ വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. മടിക്കൈ മലപ്പച്ചേരിയിലെ ഗോപാലകൃഷ്ണനാണ് (59) ജീവനൊടുക്കാൻ ശ്രമിച്ചത്. ഇന്നു പുലർച്ചെയോടെയായിരുന്നു സംഭവം. ഗോപാലകൃഷ്ണൻ വിഷം കഴിച്ച വിവരം ഒപ്പമുണ്ടായിരുന്നവർ പിന്നീടാണ്അറിഞ്ഞത്. ഉടൻതന്നെ നുള്ളിപ്പാടിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.
പിടിച്ചെടുക്കുന്ന വാഹനങ്ങൾ ന്യായമായ പിഴ ചുമത്തി ഉടൻ വിട്ടുനൽകുക, ഉദ്യോഗസ്ഥരുടെ അമിതമായ കടന്നുകയറ്റം അവസാനിപ്പിക്കുക, അശാസ്ത്രീയമായി ചുമത്തിയ പിഴ അദാലത്ത് നടത്തി പരിഹരിക്കുക, പട്ടയ ഭൂമിക്ക് പെർമിറ്റ് അനുവദിക്കുക, വാഹനത്തിൽ കയറ്റിയ സാധനങ്ങൾ പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ചെങ്കൽ ഉത്പാദക ഉടമസ്ഥ ക്ഷേമസംഘം ജില്ലാ കമ്മിറ്റി കാസർഗോഡ് വിദ്യാനഗറിൽ റിലേ നിരാഹാരസമരം ആരംഭിച്ചത്. ഗോപാലകൃഷ്ണൻ ഉൾപ്പെടുന്ന നീലേശ്വരം ഏരിയാ കമ്മിറ്റിയാണ് ചൊവ്വാഴ്ച നിരാഹാരമിരുന്നത്.
സമരം അഞ്ചുദിവസം പിന്നിട്ടിട്ടും ജില്ലാ കലക്ടർ ചർച്ചയ്ക്കു വിളിക്കാത്തതിൽ ഗോപാലകൃഷ്ണൻ നിരാശനായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. പിന്നീട് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.