തിരുവനന്തപുരം: എംഎൽഎ പിവി അൻവറിന്റെ വിവാദ വെളിപ്പെടുത്തലിനെ തുടർന്ന് എസ്പി സുജിത് ദാസിന് സസ്പെൻഷനു സാധ്യത. അൻവറിന്റെ വെളിപ്പെടുത്തലിൽ ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സുജിത് ദാസ് സർവീസ് ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച റിപ്പോർട്ട് തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി അജീതാ ബീഗമാണ് ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്.
പ്രധാനമായും റിപ്പോർട്ടിൽ പരാമർശിക്കുന്ന കാര്യങ്ങൾ ഇതൊക്കെയാണ്, സർവീസ് ചട്ടലംഘനം നടത്തി. ഫോൺ വിളി പുറത്ത് വന്നതിലൂടെ പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കി. എംഎൽഎയെ വിളിച്ച് പരാതി പിൻവലിക്കാനായി സ്വാധീനിക്കാൻ ശ്രമിച്ചു. ഉന്നത ഉദ്യോഗസ്ഥർക്കെതിരായ നീക്കത്തിന് എംഎൽഎയെ പ്രേരിപ്പിച്ചതും ഗുരുതര ചട്ടലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ സ്വന്തം വകുപ്പ് ഉദ്യോഗസ്ഥരെ കുറിച്ച് മോശം കാര്യങ്ങൾ പറഞ്ഞു.
അവധിയിൽ പ്രവേശിച്ച സുജിത്ത് ദാസ് തിരിച്ചു സർവീസിൽ കയറുന്നതിനു മുൻപ് അന്വേഷണ റിപ്പോർട്ടിൽ ഒരു തീരുമാനമെടുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. നടപടി ആവശ്യപ്പെട്ട് ഡിഐജി ഇന്ന് സർക്കാരിന് റിപ്പോർട്ട് കൈമാറും. മുഖ്യമന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് നിലവിൽ പത്തനംതിട്ട എസ്പിയാണ്. അതിനാലാണ് തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി റിപ്പോർട്ട് നൽകിയത്.
ഞായറാഴ്ചയാണ് പിവി അൻവർ എംഎൽഎ സുജിത് ദാസുമായി ബന്ധപ്പെട്ട ഓഡിയോ സന്ദേശം പുറത്തുവിട്ടത്. ഇതു പ്രകാരം താനൂരിലെ താമിർ ജിഫ്രിയുടെ കസ്റ്റഡിമരണം സംഭവിച്ചുപോയതാണ്. എംഡിഎംഎയുടെ രണ്ട് കവറുകൾ വിഴുങ്ങിയ കാര്യം പോലീസിനും കൂടെയുള്ളവർക്കും അറിയില്ലായിരുന്നു. എംഡിഎംഎ ഉപയോഗിച്ചവരെ പിടികൂടണമെന്നതു മാത്രമായിരുന്നു ഉദ്ദേശമെന്നും പറയുന്നു.
“ഞാനാകെ തകർന്നു തരിപ്പണമായി. ഇപ്പോൾ ആ ജില്ലയിലേക്ക് വണ്ടികൊണ്ടുപോകാൻപോലും പേടിയാണ്. എന്റെ മാനസികാവസ്ഥയാണ് ഞാൻ പറയുന്നത്. എന്നെ ഒന്ന് ഒഴിവാക്കണം. ഞാനൊന്ന് മാനസികമായി സമാധാനത്തോടെ ജീവിച്ചോട്ടെ” -തനിക്കെതിരേ നൽകിയ പരാതി പിൻവലിക്കണമെന്നും ഫോണിലൂടെ ആവശ്യപ്പെടുന്ന ഓഡിയോയാണ് ഇന്നലെ മലപ്പുറത്ത് നടത്തിയ പത്ര സമ്മേളനത്തിൽ എംഎൽഎ പുറത്തുവിട്ടത്.
ഇതിനിടെ മുഖ്യമന്ത്രിയും എഡിജിപി എംആർ അജിത് കുമാറും ഇന്ന് വേദി പങ്കിടും. കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപനത്തിലാണ് ഇരുവരും ഒന്നിച്ച് പങ്കെടുക്കുന്നത്. ഭരണപക്ഷ എംഎൽഎ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയോ എഡിജിപിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.